Kerala
കുമരകം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് യുവാവ് മരിച്ചതായി ആരോപണം. കുമരകം മൂന്നാം വര്‍ഡില്‍ പള്ളിക്കൂടംപറമ്പില്‍ പരേതനായ സാലിയുടെ മകന് ജ്യോതിഷ് (41) ഇന്നലെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമാണെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
കുമളി സ്വദേശികളായ ഗള്‍ഫില്‍നിന്ന് അവധിക്കെത്തിയ മൂന്ന് യുവാക്കളും കുമരകം സ്വദേശികളായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പില്‍നിന്നും മീന്‍ തലകറിയും കള്ളും വാങ്ങി ഹൗസ് ബോട്ടില്‍ ഇരുന്നു കഴിച്ചിരുന്നു.
ഇവരില്‍ അഞ്ചു പേര്‍ക്കാണു വയറിളക്കവും വേദനയും ചര്ദിലുമുണ്ടായത്. ഇവരില്‍ ഒരാളായ ജ്യോതിഷാണു മരിച്ചത്. നാലു പേര് ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല.
പരിശോധനയില്‍ ക്രിയാറ്റിനിന്‍ ഒന്‍പതു ശതമാനത്തിലധികമായിരുന്നതിനാലാണു വിഷബാധയാണെന്നു ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാല്‍), മക്കള്‍: രുദ്രപാല, രുദ്രതീര്‍ഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍).
Kerala
കോട്ടയം: കുമരകം ചുള ഭാഗം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം. കുമരകം മൂന്നാം വർഡിൽ പള്ളിക്കൂടംപറമ്പിൽ പരേതനായ സാലിയുടെ മകൻ ജ്യോതിഷ് (41) ആണ് ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഗൾഫിൽ നിന്ന് അവധിക്കെത്തിയ കുമളി സ്വദേശികളായ മൂന്ന് യുവാക്കളും കുമരകം സ്വദേശികളുമായ നാലു യുവാക്കളും ഹൗസ് ബോട്ട് യാത്രയ്ക്കിടെ അയ്മനം തൊള്ളായിരം ഭാഗത്തുള്ള ഒരു ഷാപ്പിൽ നിന്നു മീൻ കറിയും കള്ളും വാങ്ങി ഹൗസ് ബോട്ടിൽ ഇരുന്നു കഴിച്ചിരുന്നു. ഇവരിൽ അഞ്ചു പേർക്കാണ് വയറിളക്കവും വേദനയും ഛർദ്ദിയും ഉണ്ടായത്. ഇവരിൽ ഒരാളാണ് മരിച്ചത്.
നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് പേർക്ക് രോഗ ലക്ഷണങ്ങൾ ഇല്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ജ്യോതിഷിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വീണ കളപ്പുര (കുമരകം കണ്ണാടിച്ചാൽ). മക്കൾ: രുദ്രപാല, രുദ്രതീർഥ് (ഇരുവരും എസ്കെഎം പബ്ലിക് സ്കൂൾ വിദ്യാർഥികൾ).
District News
തിരുവനന്തപുരം: നെടുമങ്ങാട് മുക്കോല ജംഗ്ഷനില്‍ നിന്നു മത്സ്യം വാങ്ങി വീട്ടിലെത്തിച്ച് പാചകം ചെയ്തു കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെ മെഡിക്കല്‍ കോളജിലും എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നെടുമങ്ങാട് പുതുക്കുളങ്ങര ചാരുംമൂട് വിപിന്‍ കോട്ടേജില്‍ ക്രിസ്റ്റല്‍ഡ (66) മകന് അരുണ്‍രാജ് (41) ഭാര്യ അരുണിമരാജ് (33) മക്കളായ അബിറോണ്‍ (ഒമ്പത്) റോണീറ്റോ (നാല്) എന്നിവരാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നെടുമങ്ങാട് മുക്കോല ജംഗ്ഷനു സമീപത്തുള്ള മീന്‍കടയില്‍ നിന്നും വിപിന്‍രാജ് ഞവര ഇനത്തില്‍പ്പെട്ട മത്സ്യം വാങ്ങിയത്. വ്യാഴാഴ്ച മത്സ്യം പാചകം ചെയ്ത് കഴിച്ചതോടെയാണ് ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ആദ്യം ശരീരമാസകലം ചൊറിച്ചില്‍ ആയിരുന്നു. പിന്നീട് വയറില്‍ പുളിച്ചു തികട്ടല്‍ തുടങ്ങി. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ആയപ്പോള്‍ കാലുകള്‍ക്ക് മരവിപ്പും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമായി. അരുണിമരാജ് ശരീരം തളര്‍ന്നു വീഴുകയും ചെയ്തു.
ഉടന്‍തന്നെ എല്ലാവരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തിയത്. ക്രിസ്റ്റല്ഡയേയും വിപിന്‍രാജിനേയും അരുണ്‍രാജിനെയും മെഡിക്കല്‍ കോളജിലും മക്കളായ അബിറോണ്‍, റോണിറ്റോ എന്നിവരെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയറിളക്കം, ഛര്‍ദ്ദി, കാല്‍മുട്ടിന് താഴെയുള്ള മരവിപ്പ്, വയര്‍ വായുനിറഞ്ഞ് അസ്വസ്ഥത, തലയ്ക്കുപെരുപ്പ് തുടങ്ങുകയാണ് രോഗങ്ങള്‍.
നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ അനധികൃത മത്സ്യക്കച്ചവടം വ്യാപകമാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ മീന്‍ കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാന്‍ നഗരസഭയ്ക്കോ ആരോഗ്യവകുപ്പിനോ സാധിക്കുന്നില്ല.
മിക്ക കടകളിലും കേടായ മത്സ്യത്തിന്റെ യഥാര്‍ഥ അവസ്ഥ അറിയാതിരിക്കാനായി വര്‍ണവിളക്കുകള്‍ ഇട്ടാണ് കച്ചവടം നടത്തുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തില്‍ രണ്ട് കുടുംബങ്ങള്‍ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധ. സർവേയർ വിഭാഗത്തിലെ അഞ്ചു വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു.
150ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തു നിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം എത്തിച്ചു നൽകുന്നത്. ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തേയും പരാതികളുണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടിന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വൈകുന്നേരം അഞ്ചിനാണ് രക്ഷിതാക്കളെ വിവരമറിയിക്കാൻ തയാറായതെന്നും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു.
Kerala
ചെങ്ങന്നൂർ: ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിപ്പാട് സ്വദേശിനി സ്നേഹ, ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിനി സോന, കൊല്ലം ഭരണിക്കാവ് സ്വദേശിനി കർണ്ണകി, ബുധനൂർ സ്വദേശിനി ജ്യോതിലക്ഷ്മി എന്നിവരുൾപ്പെടെ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച കോളജിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.
ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ സർക്കാർ വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭക്ഷണം പുറത്തുനിന്നുള്ള ഏജൻസിയാണ് എത്തിച്ചു നൽകുന്നത്. ഈ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
*അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച
സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ അഭയം തേടിയത്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം അഞ്ചോടെ മാത്രമാണ് കോളജ് അധികൃതർ വിവരം രക്ഷിതാക്കളെ അറിയിക്കാൻ തയാറായതെന്ന് ആക്ഷേപമുണ്ട്.
*തുടർക്കഥയാകുന്ന അനാസ്ഥ
ഒരു മാസം മുൻപും സമാനമായ രീതിയിൽ ഇവിടെ കുട്ടികൾക്ക് ഭക്ഷണത്തിൽ നിന്ന് അസ്വസ്ഥതകൾ ഉണ്ടായതായി പരാതിയുണ്ട്. എന്നിട്ടും പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് വീണ്ടും ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
മട്ടന്നൂർ: കാര മടപ്പുര ഉത്സവത്തിനിടെ ഭക്ഷ്യ വിഷബാധയേറ്റ് നൂറുകണക്കിനാളുകൾ ചികിത്സ തേടേണ്ടി വരികയും ഒരാൾ മരിക്കാനും ഇടയായ കാരയിൽ മട്ടന്നൂർ നഗരസഭയുടെയും കീഴല്ലൂർ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഭക്ഷണം കഴിക്കാത്തവർക്കും അസുഖം വരുന്ന സാഹചര്യത്തിൽ അസുഖബാധിതർ ഉപയോഗിക്കുന്ന വസ്തുക്കൾ, ടോയിലറ്റ് തുടങ്ങിയവ രോഗമില്ലാത്തവർ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി.
നൂറിലേറെ പേരാണ് ക്യാമ്പിനെത്തിയത്. ഡോ. അർജുൻ, ഡോ. ലുലു നിഹാല, ഹെൽത്ത് ഇൻസ്പെക്ടർ എം.പി. സുരേഷ് എന്നിവർ ക്ലാസെടുത്തു. കീഴല്ലൂർ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.കെ. സുഗതൻ, പഞ്ചായത്തംഗം കെ.പി. സിന്ധു എന്നിവർ പ്രസംഗിച്ചു.
ഡോ. അർജുൻ, ഡോ. ലുലു നിഹാല എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ചു. മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ, വൈസ് പ്രസിഡന്റ് വി.വി. വനജാക്ഷി, ജനപ്രതിനിധികളായ പ്രമിജ ഷാജി, ടി. രുധീഷ്, പി. രാഘവൻ, പി.കെ. നിഷ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ, ജെഎച്ച്ഐമാരായ ജയമോൾ, കെ.ജി. ജിനീഷ്, എൽഎച്ച്ഐ രമണി രാജൻ, സന്ധ്യ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജ്, സിപിഎം ഏരിയാ സെക്രട്ടറി എം. രതീഷ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
അതിനിടെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയ ആളുകൾ വീടുകളിലേക്ക് മടങ്ങി. മട്ടന്നൂർ ഗവ. ആശുപത്രിയിൽ രണ്ടുദിവസമായി ആരും പുതുതായി ചികിത്സ തേടി എത്തിയിട്ടില്ല. കണ്ണൂരിലെ സ്വകാര്യ, സഹകരണ ആശുപത്രികളിലായി നാലുപേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അടിയന്തരയോഗം ഇന്ന്
ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ ക്ഷേത്രം ഭാരവാഹികൾ, പാചകക്കാർ, കാറ്ററിംഗ് സർവീസ് നടത്തുന്നവർ, ആശ വർക്കർമാർ തുടങ്ങിയവരുടെ അടിയന്തരയോഗം ഇന്ന് നഗരസഭ സിഡിഎസ് ഹാളിൽ നടക്കും. ഭക്ഷ്യവിഷ ബാധയുടെ പശ്ചാത്തലത്തിൽ നഗരസഭയിൽ അന്‍പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അറിയിച്ചു.
Kerala
കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ പ്രസാദ സദ്യ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കാര പേരാവൂരിലെ പൂവത്തുംകണ്ടി വിജയനാ(70)ണ് മരിച്ചത്.
കാര പുതിയേടത്ത് മടപ്പുര മുത്തപ്പന് ക്ഷേത്രത്തില്‍ നിന്ന് പ്രസാദസദ്യ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തില്‍ ആറിന് സദ്യ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 300ലധികം പേരാണ് കണ്ണൂര്‍, തലശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്.
സദ്യയിലെ പച്ചടിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം. ഇതിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കം, പനി, തലവേദന എന്നീ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി.
ശാന്തയാണ് മരിച്ച വിജയന്റെ ഭാര്യ, സഹോദരങ്ങള്‍ : പൂവത്തുംകണ്ടി കൗസു, കൃഷ്ണന്, സഹജന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ട് ഏഴോടെ പൊറോറ നഗരസഭാ ശ്മശാനത്തില്‍ സംസ്കരിച്ചു.
District News
മട്ടന്നൂർ: കാര ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. കാര പേരാവൂരിലെ പൂവത്തുംകണ്ടി വിജയൻ (70) ആണ് മരിച്ചത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
കാര പുതിയേടത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് പ്രസാദസദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. 300 ലധികം പേരാണ് കണ്ണൂർ, തലശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സദ്യയിലെ പച്ചടിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കം, പനി, തലവേദന എന്നിവയാണ് ഭക്ഷണം കഴിച്ചവരെ ബാധിച്ചത്. ഏഴിന് ഉച്ച മുതലാണ് ആളുകൾ വ്യാപകമായി ആശുപത്രികളിൽ ചികിത്സ തേടി എത്തിത്തുടങ്ങിയത്. നിരവധി പേർ ഇപ്പോഴും കണ്ണൂരിലെയും മട്ടന്നൂരിലെയും ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ശാന്തയാണ് മരിച്ച വിജയന്റെ ഭാര്യ. സഹോദരങ്ങൾ: പൂവത്തുംകണ്ടി കൗസു, കൃഷ്ണൻ, സഹജൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം ഏഴോടെ പൊറോറ നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു.
District News
മട്ടന്നൂർ: കാര പുതിയേടത്ത് മടപ്പുര മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രസാദ സദ്യ കഴിച്ച അറുപതിലേറെ പേർക്ക് ഭക്ഷ്യബാധയേറ്റു. ഇവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ഗവ. ആശുപത്രിയിലെ അവധിയിലുള്ള ഡോക്ടർമാരെയും ജീവനക്കാരെയും നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് ഇടപെട്ട് അടിയന്തിരമായി ഡ്യൂട്ടിയിലേക്ക് തിരിച്ചു വിളിച്ചു.
ഡോക്ടർമാരുടെ പ്രത്യേക സംഘം ചികിത്സയിൽ കഴിയുന്നവരെ പരിശോധിച്ചു വരികയാണ്. അസ്വസ്ഥത അനുഭവപ്പെടുന്ന കൂടുതൽ ആളുകൾ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.കെ. സനോജ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. സരീഷ് പൂമരം, എ.ബി. പ്രമോദ് എന്നിവരും ഒപ്പമുണ്ടായി. നഗരസഭാ ചെയർമാൻ എൻ. ഷാജിത്തും ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
District News
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്റ്റേഷനിലും പരാതി. അസ്മാക്ക് റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച് ദേഹാസ്വാസത്യം അനുഭവപ്പെട്ട കൊട്ടാരക്കര സ്വദേശി ശ്രീജയ, മക്കളായ ആർച്ച, ആർദ്ര എന്നിവരാണ് ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.
മരിച്ച നിലമേൽ സ്വദേശി ഷാജിയുടെ ഭാര്യ സജിമോളും ഇവരോടൊപ്പമുണ്ടായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പരാതി സ്വീകരിച്ചെങ്കിലും ഭക്ഷ്യവിഷബാധയാണെന്ന റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ വകുപ്പു നൽകിയ ശേഷമായിരിക്കും കേസെടുക്കുകയെ ന്നു പോലിസ് അറിയിച്ചു.
നിലവിൽ 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനു ചടയമംഗലം പോലീസാണ് കേസെടുത്തത്. ഭക്ഷ്യവിഷബാധയാണെന്നു തെളിഞ്ഞാൽ 304-ാം വകുപ്പ് പ്രകാരം റസ്റ്ററന്റ് ഉടമക്കെതിരേജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തശേഷം വിഴിഞ്ഞം സ്റ്റേഷനിലേക്കു ഫയലുകൾ കൈമാറും. അതോടെ ചികിത്സയിലായവരെല്ലാം ഇരകൾ എന്ന നിലയിൽ കേസ് പട്ടികയിൽ വരുമെന്നും പോലീസ് അറിയിച്ചു.
സംഭവം നടന്ന സ്ഥലം എന്ന നിലയിലാണ് ഇരയായവർ വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയത്. ഇനിയും കൂടുതൽ പേർ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. വിവിധ ആശുപത്രിയിലായി അഞ്ചോളം പേർ ചികിത്സയിലുണ്ടെന്നാണറിവ്.
16നു രാത്രിയിൽ വിഴിഞ്ഞത്ത് എത്തി ഭക്ഷണം കഴിച്ചവർക്കാണ് ഗുരുതര ആരോഗ്യപ്രശ്നമുണ്ടായത്. സംഭവത്തെ തുടർന്നു വിഴിഞ്ഞം പോലീസ് പൂട്ടി സീൽ വച്ച സീ ഫുഡ് റസ്റ്ററന്റ് അസ്മാക്ക് പിന്നെ തുറന്നിട്ടില്ല. സംഭവിച്ചത് ഭക്ഷ്യവിഷബാധയെന്നു തെളിഞ്ഞാൽ സ്ഥാപനത്തിലെ സിസിടിവി ഉൾപ്പെടെയുള്ളവ വീണ്ടും പരിശോധിക്കുമെന്നും പോലീസ് പറയുന്നു.
മരിച്ച റഷീദയും ഷാജിയും കുടുംബാംഗങ്ങളും അസ്മാക്കിൽ എത്തിയിട്ടില്ലെന്നു വരുത്തിത്തീർക്കാൻ സംഭവദിവസം കടയുടെ നടത്തിപ്പുകാർ ശ്രമം നടത്തിയിരുന്നു. എന്നാൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് റസ്റ്ററന്റിന്റെ രണ്ടാം നിലയിലെ മേശയ്ക്ക് ചുറ്റുമിരുന്ന് ഇവർ ഭക്ഷണം കഴിക്കുന്ന ദൃശ്യം കണ്ടെത്തിയത്. അതും തെളിവായിരുന്നു. പരാതിയുമായി വരുന്നവരുടെ കാര്യത്തിലും അതു വേണ്ടി വരുമെന്നും അധികൃതർ പറയുന്ന. ഭക്ഷണം കഴിക്കാനെത്തിയരുടെയെല്ലാം മൊഴികൾ രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Kerala
തിരുവനന്തപുരം: ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ ആരോഗ്യവകുപ്പ്. വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ ഷാജിയും റഷീദാ ബീവിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ മരണകാരണം സംബന്ധിച്ച അന്തിമ സ്ഥിരീകരണത്തിന് പത്തോളജി പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത മീൻകറി, മുട്ട, മറ്റ് വിഭവങ്ങൾ എന്നിവയുടെ സാമ്പിളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക.
ഷാജിയും റഷീദാ ബീവിയും ഭക്ഷണം കഴിച്ച അതേ ദിവസം തന്നെ ഇതേ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച മറ്റ് രണ്ടുപേർ ചികിത്സയിൽ കഴിയുകയാണ്. ഇതോടെ ഹോട്ടലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു.
District News
ആലുവ: പള്ളി തിരുനാൾ സ്ഥലത്ത് വില്പന നടത്തിയ മൊബൈൽ ഐസ്ക്രീം വിൽപ്പന കേന്ദ്രത്തിൽ നിന്നും ഭക്ഷ്യവിഷ ബാധയേറ്റ് നാലു മുതിർന്നവരും, 28 കുട്ടികളുമടക്കം 32 പേർ ചികിത്സ തേടി.
കടുങ്ങല്ലൂർ പഞ്ചായത്തിലെ പള്ളിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. അന്ന് കഴിച്ചവരാണ് രണ്ടു ദിവസങ്ങളായി ഛർദ്ദിയും വയറിളക്കവും മൂലം ചികിത്സതേടിയത്. ആരുടെയും നില ഗുരുതരമല്ല.
ഞായറാഴ്ച്ച രാത്രിയും ഇന്നലെ രാവിലെയുമായി എടയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, പാതാളം ഇഎസ്ഐ എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. കടുങ്ങല്ലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം, ഡിഎംഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെന്റ് എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ. 25 കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവർ പാരിപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസമായിരുന്നു സംഭവം. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും നൽകിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവം സ്കൂൾ അധികൃതർ തദ്ദേശസ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.